ദിവ്യബലിയര്‍പ്പണം - ചില യാഥാര്‍ത്ഥ്യങ്ങള്‍

ആദ്യ ലേഖനത്തില്‍പ്പറഞ്ഞ സന്ദേശത്തില്‍ ദിവ്യബലിയര്‍പ്പണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നാലാണ്.

1. AD 360 മുതല്‍ കത്തോലിക്കാസഭയില്‍ ബലിയര്‍പ്പണം നിത്യാചാരമായെന്നും അതു ബൈബിള്‍ വിരുദ്ധമാണെന്നും
2. AD 11-ാം നൂറ്റാണ്ടില്‍ കുര്‍ബ്ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുത്തുകയും അതു സ്വീകരിക്കേണ്ടതു നിര്‍ബന്ധമാക്കുകയും ചെയ്തുവെന്നും
3. AD 1215ല്‍ കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും, ശരീരവും രക്തവും (TRANS SUBSTANTIA) ആകുമെന്നു പഠിപ്പിച്ചുതുടങ്ങിയെന്നും
4. AD1220ല്‍ തിരുവോസ്തി വണങ്ങണമെന്നാവശ്യപ്പെട്ടു കല്പനയിറക്കിയെന്നും പ്രസ്തുത സന്ദേശത്തില്‍ പറയുന്നുണ്ട്.

ദിവ്യബലിയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥവസ്തുതകളും തിരുവചനങ്ങളും പരിശോധിക്കുമ്പോള്‍ ഇത്തരമാരോപണമുന്നയിക്കുന്നവരുടെ വികലചിന്തകള്‍ എത്രമാത്രം ക്രിസ്തുവിരുദ്ധമാണെന്നു തിരിച്ചറിയാനാകും. 

ഒന്നാമത്തെ ആരോപണം, AD 360 മുതല്‍ കത്തോലിക്കാസഭയില്‍ ബലിയര്‍പ്പണം നിത്യാചാരമായെന്നും അതു ബൈബിള്‍ വിരുദ്ധമാണെന്നുമാണ്. രണ്ടാമത്തേത് AD 11-ാം നൂറ്റാണ്ടില്‍ കുര്‍ബ്ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുത്തുകയും അതു സ്വീകരിക്കേണ്ടതു നിര്‍ബന്ധമാക്കുകയും ചെയ്തുവെന്നുമാണ്. ഇവ രണ്ടിന്റെയും സാംഗത്യം നമുക്കാദ്യം പരിശോധിക്കാം.

ക്രിസ്തുവിന്റെ സഭ ഉണ്ടായ കാലംമുതല്‍ ബലിയര്‍പ്പണവും (വിശുദ്ധ കുര്‍ബ്ബാന) സഭയിലുണ്ട്.

"ഇതു നിങ്ങള്‍ എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍..."
"പിന്നെയവന്‍ അപ്പമെടുത്ത്‌, കൃതജ്ഞതാസ്തോത്രംചെയ്ത്‌, മുറിച്ച്‌, അവര്‍ക്കു കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്‌. എന്റെ ഓര്‍മ്മയ്‌ക്കായി ഇതുചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രമെടുത്തുകൊണ്ട്‌ അരുളിച്ചെയ്‌‌തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്‌." (ലൂക്കാ 22:19-20.)

അതായിരുന്നു ചരിത്രത്തിലെ ആദ്യത്തെ വിശുദ്ധ കുര്‍ബാന.

എന്റെ ഓര്‍മ്മയ്‌ക്കായി ഇതുചെയ്യുവിന്‍ എന്ന കര്‍ത്താവിന്റെ കല്പനയുടെ അനുസരണമാണു് ഓരോ ദിവ്യബലിയര്‍പ്പണവും. "നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനംചെയ്യുകയുംചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്‌." (1 കോറിന്തോസ്‌ 11:26) എന്നു തിരുവചനം പഠിപ്പിക്കുന്നു. കര്‍ത്താവായ യേശുവിന്റെ പുനരാഗമനംവരെ എല്ലായ്പോഴും കര്‍ത്താവിന്റെ മരണംപ്രഖ്യാപിക്കുന്നതു വിശ്വാസജീവിതത്തിലെ ഏറ്റവും വലിയ സാക്ഷ്യമാണു്. എന്തെന്നാല്‍ അവന്റെ കുരിശുമരണത്താലാണു നമുക്കു രക്ഷ കൈവന്നതു്.

"എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു." (യോഹന്നാന്‍ 3:16) എന്ന തിരുവചനത്തിന്റെ വിശദീകരണം ഈശോയുടെ വാക്കുകളില്‍ നമ്മള്‍ കാണുന്നതിങ്ങനെയാണ്: "സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്." (യോഹന്നാന്‍  6:51). സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമായ ക്രിസ്തുവിന്റെ ശരീരം അനുദിനം ഭക്ഷിച്ചു നിത്യജീവന്‍ പ്രാപിക്കുന്നതിനായി കര്‍ത്താവു തന്റെ മക്കള്‍ക്കായി ഒരുക്കിയ സ്നേഹവിരുന്നാണ് ഓരോരോ വിശുദ്ധകുര്‍ബ്ബാനയും.

ക്രിസ്തുവിന്റെ ബലിയര്‍പ്പണം എകമായതിനാല്‍ വിശുദ്ധകുര്‍ബ്ബാന അര്‍ത്ഥമില്ലാത്ത ആചാരമാണെന്നു പഠിപ്പിക്കുന്ന ചില സഭാവിഭാഗങ്ങളുണ്ട്. ഹെബ്രായലേഖനം പത്താമദ്ധ്യായത്തില്‍നിന്നുള്ള വചനമാണ് ഇതു സ്ഥാപിക്കുന്നതിനായി അവര്‍ പലപ്പോഴും ഉദ്ധരിക്കുന്നത്. "പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോദിവസവും ശുശ്രൂഷചെയ്യുന്നു." (ഹെബ്രാ. 10:11) ഹെബ്രായലേഖനം തുടക്കംമുതല്‍ വായിച്ചാല്‍ പഴയനിയമബലികളും ക്രിസ്തുവിന്റെ ഏകബലിയും തമ്മിലും പഴയനിയമ പൌരോഹിത്യവും ക്രിസ്തുവിന്റെ പൌരോഹിത്യവും തമ്മിലുമുള്ള താരതമ്യപഠനവും നമുക്കു കാണാനാകും. അതിനാല്‍ത്തന്നെ മേല്പറഞ്ഞ വചനം പഴയനിയമ ബലികളെക്കുറിച്ചു പ്രതിപാദിക്കുന്നതാണെന്നു വ്യക്തം.

ഹെബ്രായര്‍ 10: 12 മുതല്‍ 14 വരെയുള്ള വചനങ്ങളില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: - "എന്നാല്‍, അവനാകട്ടെ (യേശുക്രിസ്തു) പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏകബലിയര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണ്ണരാക്കിയിരിക്കുന്നു." 

"അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു." (ഹെബ്രാ. 7:27) സമ്പൂര്‍ണ്ണമായ ഒരു ബലിയര്‍പ്പണംനടത്തിയ ക്രിസ്തുവിന്റെ ഏകവും സാര്‍വത്രികവുമായ ബലിയോടു നമ്മളെത്തന്നെ പങ്കുചേര്‍ത്ത്, നമ്മുടെ ജീവിതബലിയെ അവിടുത്തെ ഏകബലിയിലേക്കുയര്‍ത്തുകയാണ് വിശുദ്ധകുര്‍ബ്ബാന. അതായത്, ലോകമെമ്പാടുമുള്ള അള്‍ത്താരകളിലര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബ്ബാനകള്‍ കാല്‍വരിമലയിലെ യേശുക്രിസ്തുവിന്‍റെ ബലിയുടെ ആവര്‍ത്തനമല്ല, മറിച്ച്, ക്രിസ്തുവിന്റെ ഏകബലിയര്‍പ്പണത്തിലുള്ള പങ്കുചേരലാണ്. പെസഹാദിനത്തിലെ  അന്ത്യഅത്താഴവേദിയില്‍ ഈശോ നല്‍കിയ കല്പനപ്രകാരം, അവിടുത്തെ ബലിയുടെ ഓര്‍മ്മയാചരിക്കുമ്പോള്‍ കാല്‍വരിമലയില്‍, എന്നേയ്ക്കുമായി കര്‍ത്താവര്‍പ്പിച്ച ബലിയില്‍ നമ്മള്‍ പങ്കുചേരുകയാണ്. ഇന്നലെയും ഇന്നും എന്നും ഒരാള്‍തന്നെയായ ഈശോയുടെ ബലിയില്‍ ക്രിസ്തുവിശ്വാസി തന്നെത്തന്നെ 'ഇന്നു' ബലിയായി അര്‍പ്പിക്കുന്നു. അവിടുത്തെ മുറിക്കപ്പെട്ട ശരീരത്തിലും ചിന്തപ്പെട്ട രക്തത്തിലും പങ്കുകാരായി ദൈവികജീവനില്‍നിറയുന്നതിനു നമുക്കവസരമൊരുക്കുന്ന വിശുദ്ധനിമിഷങ്ങളാണ് ഓരോ വിശുദ്ധകുര്‍ബ്ബാനയും.

പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രമെടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. (ലൂക്ക 22: 19 - 20) എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ എന്ന കല്പനയുടെ അനുസരണമാണ് അനുദിന വിശുദ്ധ കുര്‍ബ്ബാനകള്‍. മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍ യേശുവിന്റെ ബലി എല്ലാക്കാലത്തേയ്ക്കും എല്ലാ മനുഷ്യര്‍ക്കുംവേണ്ടിയുള്ള ഏകബലിയാണ്. ആ ബലിയില്‍ പങ്കുചേര്‍ന്ന്, അവിടുത്തെ തിരുശരീരം ഭക്ഷിക്കാനും തിരുരക്തം പാനംചെയ്യാനുമുള്ള ഒരു മാര്‍ഗ്ഗം, തന്റെ അന്ത്യ അത്താഴവേളയില്‍ ഈശോ നമുക്കായി നല്കി. അതാണു വിശുദ്ധ കുര്‍ബ്ബാന. കാലാതിവര്‍ത്തിയായി യേശുവിന്റെ ബലിയെ നമ്മുടെമുമ്പില്‍ സന്നിഹിതാമാക്കുകയാണു വിശുദ്ധകുര്‍ബ്ബാനയെന്നു വി. ജോണ്‍പോള്‍ രണ്ടാമന്‍ പഠിപ്പിക്കുന്നു.

കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യമിതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ടരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുവിന്‍. അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത്, എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍, നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. (1 കൊറി. 11: 23 - 26) എന്ന വചനത്തിലൂടെ വിശുദ്ധ പൌലോസും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കര്‍ത്താവിന്റെ മരണമെന്ന് അപ്പസ്തോലന്‍ പറയുന്നത്, അവിടുത്തെ കുരിശിലെ ബലിയാണെന്നതു സുവ്യക്തം. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുന്നവര്‍, കര്‍ത്താവു ഭരമേല്പിച്ചവ ചെയ്തുകൊണ്ട് അപ്പസ്തോലികഗണത്തിലേക്കുയരുമ്പോള്‍, അതിനുവിസമ്മതിക്കുന്നവര്‍ കര്‍ത്താവു കല്പിച്ചവചെയ്യാതെ യൂദാസിന്റെ ഗണത്തിലേക്കു താഴുന്നു. 

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ് (ഹെബ്രാ. 13:8) എന്നതിനാല്‍ യേശുവിന്റെ ബലി ഇന്നലെയും ഇന്നും എന്നും ഒന്നുതന്നെയാണ്. അതായത്, വിശുദ്ധ കുര്‍ബാന പരികര്‍മ്മംചെയ്യപ്പെടുമ്പോഴെല്ലാം യേശുക്രിസ്തു മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുന്നില്ല. എന്നാല്‍ അര്‍പ്പിക്കപ്പെടുന്ന എല്ലാ വിശുദ്ധ കുര്‍ബ്ബാനയിലും, അവിടുത്തെ ഏകബലി, അതില്‍ വിശ്വാസത്തോടെ പങ്കുകൊള്ളുന്ന സകലമനുഷ്യര്‍ക്കും ഫലദായകമായ അനുഭവമായിത്തീരുന്നു. ഒരുറവയില്‍നിന്നാരംഭിക്കുന്ന നദി, അതു കടന്നുപോകുന്ന വഴിത്താരയിലെല്ലാം, തന്നിലേക്കിറങ്ങുന്ന എല്ലാവരെയും ഒരേ ഉറവയിലെ ജലത്താല്‍ നനയ്ക്കുന്നതുപോലെ, യേശുവിന്റെ കാല്‍വരിബലിയാകുന്ന ഉറവയില്‍നിന്ന്, "എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍. (ലൂക്ക 22: 19) എന്ന കല്പനയുടെ അനുസരണമായ വിശുദ്ധകുര്‍ബ്ബാനയെന്ന മഹാനദി, വിശ്വാസത്തോടെയും ഒരുക്കത്തോടെയും ബലിയര്‍പ്പണംനടത്തുന്ന എല്ലാവര്‍ക്കും  നിത്യരക്ഷയുടെ അനുഭവം പ്രദാനംചെയ്യുന്നു.

"ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവുമൊരു കല്പനയായി ആചരിക്കണം" (പുറപ്പാട് 12: 24) എന്ന കല്പനയോടെയാണുപഴയനിയമത്തില്‍ പെസഹാബലി ആചരിച്ചുതുടങ്ങിയത്. പുതിയ പെസഹാക്കുഞ്ഞാട്, ദൈവപുത്രനായ ഈശോതന്നെയാണ്. നിത്യതയോടെ ആചരിക്കേണ്ട പുതിയ പെസഹയാണ് ഈശോ നമുക്കു നല്കിയത്. നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പു നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു." (1 കൊറി. 5:7)

പുതിയനിയമത്തിലെ പെസഹാബലി വിശുദ്ധകുര്‍ബ്ബാനയാണ്. അനുതാപത്തോടെ പശ്ചാത്തപിക്കുകയും നമ്മുടെ പഴയ പുളിപ്പാകുന്ന പാപങ്ങള്‍ (കുമ്പസാരിച്ച്‌) ഏറ്റുപറഞ്ഞും നമ്മള്‍ പുതിയ പെസഹാ ആചരിക്കേണ്ടിയിരിക്കുന്നു. ആ പെസഹായിലും ക്രിസ്തുവിന്റെ ബലിയിലും പങ്കാളികളായി, അവിടുത്തെ തിരുശരീര രക്തങ്ങള്‍ ഉള്‍ക്കൊള്ളുകയാണു വിശുദ്ധകുര്‍ബ്ബാനയില്‍ ഒരുക്കത്തോടെ സജീവമായി പങ്കെടുക്കുന്ന ഓരോ വ്യക്തിയും. "നാം ആശീര്‍വ്വദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം, ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?"(1 കോറി 10:18)

സഭയും വിശുദ്ധകുര്‍ബ്ബാനയുമെന്ന ചാക്രിക ലേഖനത്തില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ വിശുദ്ധകുര്‍ബ്ബാനയെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിശുദ്ധകുര്‍ബ്ബാന അവിഭാജ്യമായവിധത്തില്‍, ഒരേസമയംതന്നെ, കുരിശിലെ ബലിയെ ശാശ്വതീകരിക്കുന്ന ബലിയുടെ ഓര്‍മ്മയും കര്‍ത്താവിന്റെ ശരീരരക്തങ്ങളുടെ കൂട്ടായ്മയുടെ വിശുദ്ധവിരുന്നുമാണ്. വിശുദ്ധ കുര്‍ബ്ബാന, കുരിശിലെ ബലിയെ സന്നിഹിതമാക്കുന്നു. അത്, ആ ബലിയോട് ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല; അതിനെ വര്‍ദ്ധിപ്പിക്കുന്നുമില്ല. ആവര്‍ത്തിക്കപ്പെടുന്നത്, അതിന്റെ അനുസ്മരണത്തിന്റെ ആഘോഷവും സ്മരണാപരമായ പ്രതിധ്വനീകരണവുമാണ്. അതാകട്ടെ, ക്രിസ്തുവിന്റെ ഏകവും സുനിശ്ചിതവും രക്ഷാകരവുമായ ബലിയെ എപ്പോഴും (വര്‍ത്തമാനകാല)സമയത്തില്‍ സന്നിഹിതമാക്കുന്നു. - (സഭയും വിശുദ്ധ കുര്‍ബ്ബാനയും  - വിശുദ്ധജോണ്‍പോള്‍ രണ്ടാമന്‍  മാര്‍പ്പാപ്പയുടെ ചാക്രികലേഖനം - ഖണ്ഡിക 12)

മൂന്നാമത്തെ ആരോപണം, AD 1215ല്‍ കുര്‍ബ്ബാനയില്‍ അപ്പവും വീഞ്ഞും, ശരീരവും രക്തവും (TRANS SUBSTANTIA) ആകുമെന്നു പഠിപ്പിച്ചുതുടങ്ങിയെന്നും നാലാമത്തെ ആരോപണം, AD1220ല്‍ തിരുവോസ്തി വണങ്ങണമെന്നാവശ്യപ്പെട്ടു കല്പനയിറക്കിയെന്നുമാണ്. 

പരിശുദ്ധാത്മ ശക്തിയാല്‍, അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമാകുമെന്നു പഠിപ്പിച്ചുതുടങ്ങിയത് ഈശോതന്നെയാണ്. യോഹന്നാന്റെ സുവിശേഷം ആറാമദ്ധ്യായം മുഴുവനും തന്റെ ശരീരത്തെയും രക്തത്തെയുംകുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങളാണ്. മത്തായി 26, മര്‍ക്കോസ് 14, ലൂക്കാ 22 തുടങ്ങിയ അദ്ധ്യായങ്ങളില്‍ യോഹന്നാന്‍ ആറാമദ്ധ്യാത്തിലെ പ്രബോധനങ്ങളുടെ പൂര്‍ത്തീകരണം കാണാം.

യോഹന്നാന്‍ 6: 1 - 15ല്‍ അയ്യായിരംപേര്‍ക്കായി അഞ്ചപ്പവും രണ്ടുമീനും വര്‍ദ്ധിപ്പിച്ചു നല്കുമ്പോള്‍ തനിക്ക് അപ്പത്തെ രൂപമാറ്റം വരുത്താനും വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഈശോ വ്യക്തമാക്കുന്നു.  
യോഹന്നാന്‍ 6: 16 മുതല്‍ 24വരെ വചനങ്ങളില്‍ വെള്ളത്തിനുമുകളിലൂടെ നടക്കുന്ന ഈശോയെ നാം കണ്ടുമുട്ടുന്നു. മനുഷ്യപ്രകൃതിയില്‍ വെള്ളത്തിനുമീതെ നടക്കുക അസാദ്ധ്യമാണ്. തന്റെ ശരീരത്തെ പ്രകൃത്യാതീതമായി രൂപാന്തരപ്പെടുത്താന്‍ തനിക്കു സാധിക്കുമെന്ന്, വെള്ളത്തിനുമീതെ നടന്നുവരുന്ന ഈശോ നമ്മെ കാണിച്ചുതന്നു. 

യോഹന്നാന്‍ 6: 25 മുതല്‍ വചനങ്ങളില്‍ തന്റെ ശരീരം യഥാര്‍ത്ഥമായ ഭക്ഷണമാണെന്നും തന്റെ രക്തം യഥാര്‍ത്ഥപാനീയമാണെന്നും തന്റെ ശരീരം ഭക്ഷിക്കുകയും തന്റെ രക്തം പാനംചെയ്യുകയുംചെയ്യുന്നവനു നിത്യജീവനുണ്ടെന്നും ഈശോ പഠിപ്പിക്കുന്നു.

"ഇതിനുശേഷം അവന്റെ ശിഷ്യന്മാരില്‍ വളരെപ്പേര്‍ അവനെ വിട്ടുപോയി; അവര്‍ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല. യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?" യോഹന്നാന്‍ 6: 66 - 67 യേശുവിന്റെ ഈ പ്രബോധനംകേട്ട് തന്നെവിട്ടുപോയ ഒരാളെപ്പോലും യേശുതിരികെ വിളിച്ചില്ലെന്നുമാത്രമല്ല, ഈ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും തന്നെവിട്ടുപോകാമെന്നു തന്റെ അപ്പസ്തോലന്മാരോടു വ്യക്തമാക്കുകയും ചെയ്യുന്നു. ഈ പ്രബോധനത്തിന്റെ പൂര്‍ണ്ണതയാണ്, അന്ത്യഅത്താഴവേളയില്‍ നമ്മള്‍ കാണുന്നത്.

"അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചുമുറിച്ച്, ശിഷ്യന്‍മാര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇതെന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്തു കൃതജ്ഞതാസ്‌തോത്രം ചെയ്ത്, അവര്‍ക്കുകൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനംചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്." (മത്തായി 26: 26 - 28 )

അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍നിന്നു പാനംചെയ്തു. അവന്‍ അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. (മര്‍ക്കോസ് 14: 22 - 24) 

പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്‌തോത്രംചെയ്തു മുറിച്ച്, അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്. (ലൂക്കാ 22: 19 - 20) 

അപ്പമുയര്‍ത്തി, ഇതെന്റെ ശരീരമാണെന്നും വീഞ്ഞു തന്റെ രക്തമാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ യേശു വ്യക്തമാക്കുന്നതായി മേല്പറഞ്ഞ സുവിശേഷവചനങ്ങളിലെല്ലാം നമുക്കു കാണാം. അതായത്, യോഹന്നാന്‍ ആറാമദ്ധ്യായത്തില്‍ അപ്പത്തെയും തന്റെതന്നെ ശരീരത്തെയും രൂപമാറ്റം വരുത്തിക്കാണിച്ച യേശു, പെസഹാരാത്രിയില്‍ അപ്പത്തെ തന്റെ ശരീരമാക്കിയും വീഞ്ഞിനെ തന്റെ രക്തമാക്കിയുംമാറ്റി, ശിഷ്യര്‍ക്കു ഭക്ഷിക്കാനും പാനംചെയ്യാനും നല്‍കിയ ഈശോ, ഇന്നും വിശുദ്ധ കുര്‍ബ്ബാനയെന്ന കൂദാശയില്‍ അപ്പത്തെയും വീഞ്ഞിനെയും തന്റെ ശരീരരക്തങ്ങളാക്കി മാറ്റുന്നു.

ഈ കാലഘട്ടത്തിലെ, പ്രോട്ടസ്റ്റന്റ് വിഭാഗത്തിന്റെ ശക്തരായ വക്താക്കളിലൊരാളായ ശ്രീ ബെന്നി ഹിന്‍ കത്തോലിക്കാസഭയിലെ വിശുദ്ധകുര്‍ബ്ബാന, യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ ശരീരവും രക്തവുമാണെന്ന സത്യം, അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഉറക്കെ വിളിച്ചുപറയുന്നത്, താഴെയുള്ള വീഡിയോ ദൃശ്യങ്ങളില്‍ കാണാം.





ഈ സത്യത്തെ സത്താഭേദം (Transubstantiation) എന്ന പദമുപയോഗിച്ചു വിശദീകരിക്കുകയാണു AD 1215ലെ നാലാം ലാറ്ററന്‍ സുനഹദോസ് (Fourth Council of the Lateran 1215) ചെയ്തത്. പതിനൊന്നാം നൂറ്റാണ്ടില്‍ ടൂര്‍സില്‍ ജീവിച്ചിരുന്ന ബെരങ്ങര്‍ എന്ന ദൈവശാസ്ത്രജ്ഞന്‍, പരിശുദ്ധ കുര്‍ബ്ബാനയിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിദ്ധ്യത്തെ ചോദ്യംചെയ്തുകൊണ്ടുയര്‍ത്തിയ വാദങ്ങള്‍ അനേകം വിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കിയതിനെത്തുടര്‍ന്നാണ്, നാലാം ലാറ്ററന്‍ സുനഹദോസില്‍ ഇപ്രകാരം ഒരു വിശദീകരണമുണ്ടായത്. പ്രോട്ടസ്റ്റന്റ് വിഘടനത്തിനുപിന്നാലെ നടന്ന, ട്രെന്റ് സുനഹദോസിലും (1545 - 1564) സത്താഭേദത്തെക്കുറിച്ചു വിശദമാക്കിയിട്ടുണ്ട്.

അപ്പത്തിന്റെയും വീഞ്ഞിന്റെയും ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട്, അതിന്റെ സത്തയെ, ഈശോ തന്റെ വചനത്തിന്റെ ശക്തിയാല്‍, തന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും സത്തയാക്കിമാറ്റിയ അദ്ഭുതത്തെ സൂചിപ്പിക്കാനാണ് സത്താഭേദം (Transubstantiation) എന്ന വാക്ക്, കര്‍ത്താവിന്റെ സഭ ഉപയോഗിക്കുന്നത്. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റിയ ഈശോയ്ക്ക് ഇതു സാദ്ധ്യമാണെങ്കിലും ഈ വലിയരഹസ്യം മനുഷ്യബുദ്ധിക്കു ഗ്രഹിക്കാവുന്നതിലുപരിയാണ്. 

അപ്പത്തിന്റെയും വീഞ്ഞിന്റെയും കൂദാശാകര്‍മ്മം, അപ്പത്തിന്റെ മുഴുവന്‍ സത്തയേയും നമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്റെ ശരീരത്തിന്റെ സത്തയായും വീഞ്ഞിന്റെ മുഴുവന്‍ സത്തയേയും നമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്റെ രക്തത്തിന്റെ സത്തയായും മാറ്റുന്നു. ഈ മാറ്റത്തെ കര്‍ത്താവിന്റെ തിരുസഭ, സമുചിതമായും യുക്തമായും സത്താഭേദം (Transubstantiation) എന്നു വിളിച്ചു. യഥാര്‍ത്ഥത്തില്‍ വിശുദ്ധ കുര്‍ബ്ബാന വിശ്വാസത്തിന്റെ ഒരു രഹസ്യമാണ് .................................................................................................................................................................. കൂദാശാപരികര്‍മ്മത്തിനുശേഷം, അപ്പവും വീഞ്ഞും അതല്ലാതായിത്തീരുന്നു. അങ്ങനെ ആ നിമിഷംമുതല്‍ നമ്മുടെ കര്‍ത്താവായ യേശുവിന്റെ ആരാദ്ധ്യമായ ശരീരരക്തങ്ങള്‍ അപ്പത്തിന്റെയും വീഞ്ഞിന്റെയും കൌദാശിക സാദൃശ്യത്തില്‍ സത്യമായും നമ്മുടെ മുമ്പിലുണ്ട്. - (സഭയും വിശുദ്ധ കുര്‍ബ്ബാനയും  - വിശുദ്ധജോണ്‍പോള്‍ രണ്ടാമന്‍  മാര്‍പ്പാപ്പയുടെ ചാക്രികലേഖനം - ഖണ്ഡിക 15)

വിശുദ്ധകുര്‍ബ്ബാനയില്‍ സത്യമായും ഈശോയുടെ സാന്നിദ്ധ്യമുണ്ടെന്നു വ്യക്തമായറിയാവുന്നവര്‍ വിശുദ്ധകുര്‍ബ്ബാനയെ വണങ്ങുന്നതു സ്വാഭാവികം. AD1220ല്‍ തിരുവോസ്തി വണങ്ങണമെന്നാവശ്യപ്പെട്ടു കല്പനയിറക്കിയെന്ന ആരോപണത്തെക്കുറിച്ച്‌ ഇതില്‍ക്കൂടുതല്‍ എന്തുപറയാന്‍! ക്രിസ്തുവിനെ അനുഭവിച്ചറിയുന്നവര്‍ക്ക് അവിടുത്തെ വണങ്ങാന്‍ ആരുടേയും കല്പന ആവശ്യമില്ലല്ലോ. 


മെഴുകുതിരിയും കത്തോലിക്കാസഭയും

കത്തോലിക്കാസഭ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുന്നുവെന്നതിനെയും വിമര്‍ശിക്കുന്നുണ്ട് മുമ്പുപറഞ്ഞ വാട്സ്ആപ്പ് സന്ദേശത്തില്‍.

കത്തോലിക്കാ വിശ്വാസികള്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കാറുണ്ട് എന്നതു സത്യമാണ്. എന്നാല്‍ മെഴുകുതിരിയെ എന്തെങ്കിലുംതരത്തിലുള്ള വിശുദ്ധവസ്തുവായി കത്തോലിക്കാസഭ അവതരിപ്പിച്ചിട്ടില്ല. മെഴുകുതിരി കത്തിച്ചേ പ്രാര്‍ത്ഥിക്കാവൂ എന്നും സഭ പഠിപ്പിക്കുന്നില്ല.
"നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്." മത്തായി 5:14

"നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു: (മത്തായി 5:14) മെഴുകുതിരി ഒരു പ്രതീകമാണ്. ഓരോ കൃസ്ത്യാനിയും എന്തായിരിക്കണം എന്നതിന്റെ പ്രതീകം. സ്വയം ഉരുകിത്തീരുമ്പോഴും ചുറ്റും പ്രകാശംപരത്തുന്നതാകണം ക്രിസ്തുവിശ്വാസിയുടെ ജീവിതമെന്നതിന്റെ പ്രതീകം. വിശുദ്ധഗ്രന്ഥത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങളായി പ്രാവ് (യോഹന്നാന്‍ 1:32), അഗ്നി (അപ്പ. 2: 3 - 4)  തുടങ്ങിയവ കാണാം. അതുകൊണ്ടു പ്രാവും അഗ്നിയും പരിശുദ്ധാത്മാവാണ് എന്നര്‍ത്ഥമില്ലല്ലോ! ഒരു പ്രതീകം എന്നതില്‍ക്കവിഞ്ഞ പ്രാധാന്യമൊന്നും മെഴുകുതിരിക്കു സഭ നല്‍കുന്നില്ല.

മെഴുകുതിരി കത്തിച്ചാലുമില്ലെങ്കിലും ദൈവത്തോടു ചേര്‍ന്നിരുന്നു ദൈവവുമായി നമ്മുടെ ഹൃദയം പങ്കുവയ്ക്കുന്നതാണു പ്രാര്‍ത്ഥന. സാമുവേലിന്റെ ഒന്നാംപുസ്തകത്തില്‍ ഹന്നയുടെ പ്രാര്‍ത്ഥനയെക്കുറിച്ചു പറയുന്നതു നോക്കൂ..

"അവള്‍ ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരംമാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി. ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്മത്തയായിരിക്കും? നിന്റെ ലഹരിയവസാനിപ്പിക്കുക. ഹന്നാ പ്രതിവചിച്ചു: എന്റെ ഗുരോ, അങ്ങനെയല്ല, വളരെയേറെ മനോവേദനയനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്റെമുമ്പില്‍ എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു. ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്ഥതയുംമൂലമാണു ഞാനിതുവരെ സംസാരിച്ചത്. അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ത്ഥന സാധിച്ചുതരട്ടെ! അവള്‍ പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്ഷമുണ്ടാകട്ടെ. അനന്തരം, അവള്‍ പോയി ഭക്ഷണംകഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്ലാനമായിട്ടില്ല." (1 സാമുവേല്‍ 13: 18)

ദൈവതിരുമുമ്പില്‍ ഹൃദയവികാരങ്ങള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ദുഃഖം ഇല്ലാതെയാകുന്നു.

"അവനാകട്ടെ വിജനപ്രദേശങ്ങളിലേക്കു പിന്‍വാങ്ങി, അവിടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു" (ലൂക്കാ 5:16) തിരക്കുകളില്‍നിന്നുമകന്ന്‍, ദൈവപിതാവുമായി സംസാരിക്കുന്നതാണു വിശുദ്ധഗ്രന്ഥവും കത്തോലിക്കാസഭയും പഠിപ്പിക്കുന്ന പ്രാര്‍ത്ഥനാരീതി. 

"രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തിലെഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നുതളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കു കൈകളുയര്‍ത്തുക" (വിലാപങ്ങള്‍ 2:19)  മെഴുകുതിരി കത്തിച്ചാലുമില്ലെങ്കിലും ഈ പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കും.

"അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥനകേള്‍ക്കുമെന്നതാണു നമുക്കവനിലുള്ള ഉറപ്പ്. നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞുവെന്നു നമുക്കറിയാം" (1 യോഹന്നാന്‍ 5: 14 - 15) ഈ ഉറപ്പോടുകൂടെ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നതാണു പരമപ്രധാനം. അതു തന്നെയാണു കത്തോലിക്കാസഭ പരിശീലിപ്പിക്കുന്ന വിശ്വാസം.




വിശുദ്ധ കുരിശ്

AD 300-ല്‍ കത്തോലിക്കാസഭയില്‍ കുരിശുരൂപം ഉപയോഗിച്ചുതുടങ്ങിയെന്നതാണു് പ്രൊട്ടസ്റ്റന്റ്  വിഭാഗങ്ങളുടെ മറ്റൊരാരോപണം. അവരുടെ കാഴ്ചപ്പാടില്‍ കുരിശുരൂപവും വചനവിരുദ്ധമാണു്. ഈ വാദമവതരിപ്പിക്കുന്നവർക്ക് തിരുവചനങ്ങളിലുള്ള അജ്ഞത ഇതില്‍നിന്നു സുവ്യക്തമാണു്.

AD 300-ല്‍ മാത്രമാണു കുരിശ് സഭയുടെ വിശ്വാസത്തിന്റെ ഭാഗമായതെന്നു് എന്തടിസ്ഥാനത്തിലാണു പറയുന്നതെന്നു വ്യക്തമാക്കാന്‍ ചോദ്യകര്‍ത്താവു ബാദ്ധ്യസ്ഥനാണു്. എങ്കിലും "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ, അതു ദൈവത്തിന്റെ ശക്തിയത്രേ." (1 കോറിന്തോസ്‌ 1:18) എന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അദ്ദേഹത്തിനു വിവേകം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു.

Holy Cross
പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍
പാതകാണിക്കും കുരിശേ ജയിക്കുക....

"നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്കിടയാകാതിരിക്കട്ടെ." (ഗലാത്തിയാ 6:14) എന്നു പൗലോസ് ശ്ലീഹ പറയുമ്പോള്‍ ക്രിസ്ത്യാനിക്കു മറ്റെന്തിലും പ്രാധാന്യമേറിയതാണു യേശുക്രിസ്തുവിന്റെ കുരിശെന്നു കത്തോലിക്കാസഭ ഉറച്ചുവിശ്വസിക്കുന്നു.

പഴയ നിയമത്തില്‍ കുഞ്ഞാടിന്റെ രക്തമാണു പാപപരിഹാരബലിയായി അര്‍പ്പിക്കുന്നത് (ലേവ്യര്‍ 17:11). എന്നാല്‍ എല്ലാക്കാലത്തേക്കുമായി തന്റെ അവസാനതുള്ളി രക്തവും ചിന്തി കര്‍ത്താവായ യേശുക്രിസ്തു ജീവന്‍ ബലിയര്‍പ്പണം ചെയ്തപ്പോള്‍ കുരിശായിരുന്നു ബലിപീഠം.

"സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോടനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയുംചെയ്‌തു." (കൊളോസോസ്‌ 1:20)

യഹൂദരെന്നും വിജാതീയരെന്നുമുള്ള വേര്‍തിരിവുമാറ്റി രക്ഷ എല്ലാവര്‍ക്കും അവകാശമാക്കി നല്‍കിയതു കർത്താവിന്റെ കുരിശാണ് (എഫേസോസ്‌ 2:16). കാരണം "അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു." (യോഹന്നാന്‍ 3:16)

അന്നോളം ശിക്ഷയുടെയും അപമാനത്തിന്റെയും അടയാളമായിരുന്ന കുരിശിനെ സ്വയമേറ്റെടുത്തുകൊണ്ട്, ഈശോ അതിനെ രക്ഷയുടെ അടയാളമാക്കിമാറ്റി. "ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാനതു സ്വമനസ്സാ സമര്‍പ്പിക്കുകയാണ്." (യോഹന്നാന്‍ 10: 17-18)

"എന്നാല്‍, പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നുവെന്നു പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു. നാശമാണവരുടെ അവസാനം; ഉദരമാണവരുടെ ദൈവം." (ഫിലിപ്പി 3:18-19)

വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍

മൂന്നാം നൂറ്റാണ്ടുമുതലാണു് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 14 വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളായി ആഘോഷിച്ചു തുടങ്ങിയതു്. അക്കാലത്തു റോം ഭരിച്ചിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി തന്റെ എണ്‍പതാം വയസ്സില്‍ വിശുദ്ധനാടുകളിലേക്കു് നടത്തിയ തീര്‍ത്ഥയാത്രയില്‍ കാല്‍വരിക്കുന്നില്‍നിന്നും മൂന്നു കുരിശുകള്‍ കണ്ടെത്തുകയുണ്ടായി.

അന്നു ജറുസലേമിലെ മെത്രാനായിരുന്ന വിശുദ്ധ മക്കാറിയൂസിന്റെ നിര്‍ദ്ദേശാനുസരണം ഒരു മൃതദേഹം കുരിശുകളില്‍ മുട്ടിച്ചപ്പോള്‍ അതിലൊന്നില്‍ വെച്ച് മരിച്ചവ്യക്തി ഉയിര്‍ത്തു. ഈശോയുടെ കുരിശു തിരിച്ചറിഞ്ഞ ജനം മുഴുവനും കുരിശിനെ കുമ്പിട്ടു വണങ്ങി. ഇതിന്റെ സ്മരണാർത്ഥമാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്.

ഈശോ പറയുന്നു: - "കുഞ്ഞുമക്കളേ, ശ്രേഷ്ഠമല്ലാത്തതെല്ലാം ശ്രേഷ്ഠമാക്കപ്പെടും. ശ്രേഷ്ഠമാണെന്നു കരുതുന്നതെല്ലാം ശ്രേഷ്ഠമല്ലാതായിത്തീരും. എന്റെ സ്നേഹിതരോടെല്ലാം അഹങ്കാരത്തിന്റെ ഭാരമേറിയ കുരിശു താഴെവച്ച്, എന്നില്‍നിന്നു സരളമായ എളിമയുടെ കുരിശു സ്വീകരിക്കാന്‍ ഞാന്‍ ആഹ്വാനംചെയ്യുന്നു."

സങ്കീര്‍ത്തകനോടൊപ്പം നമ്മുടെ കര്‍ത്താവായ ഈശോ സ്വയം ബലിയര്‍പ്പണം നടത്തിയ ബലിപീഠമായ കുരിശിന്‍ചുവട്ടിലേക്കു നമുക്കു പോകാം.

"അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ... അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കുതന്നെ; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ട് അങ്ങയെ ഞാന്‍ സ്‌തുതിക്കും." (സങ്കീര്‍ത്തനങ്ങള്‍ 43:3-4)

മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതു ശരിയോ?

കഴിഞ്ഞദിവസം എന്റെയൊരു സുഹൃത്ത് എനിക്കൊരു വാട്ട്സ്ആപ് സന്ദേശമയച്ചു. കത്തോലിക്കാസഭയുടെമേല്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഏതോ ഒരു സുഹൃത്ത് അദ്ദേഹത്തിനയച്ച സന്ദേശങ്ങള്‍ എനിക്കു ഫോര്‍വേഡ് ചെയ്തതാണ്. അവയ്ക്കെന്തു മറുപടിപറയുമെന്നാണു ചോദ്യം.

"നിങ്ങള്‍ക്കുള്ള പ്രത്യാശയെക്കുറിച്ച് വിശദീകരണമാവശ്യപ്പെടുന്ന ഏവരോടും മറുപടിപറയാന്‍ സദാസന്നദ്ധരായിരിക്കുവിന്‍" - (1 പത്രോസ് 3:15) എന്നു തിരുവചനം പഠിപ്പിക്കുന്നതിനാല്‍ ആ ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടത് എന്റെ കൂടെ കടമയായി തോന്നിയതിനാലാണ് ഇങ്ങനെയൊരു ബ്ലോഗിനു തുടക്കമിടുന്നത്.

Prayer for the Dead
Eternal rest, grant unto them O Lord
and let the perpetual light shine upon them.

May the souls of all the faithful departed,
through the mercy of God, rest in peace.
Amen.
"ബൈബിള്‍ അടിത്തറയില്ലാതെ, AD 300ല്‍, മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന കത്തോലിക്കാസഭ ആരംഭിച്ചു" എന്നതാണ് അതില്‍ ഒന്നാമത്തെ ആരോപണം.

എവിടെനിന്നാണു് അദ്ദേഹത്തിന് AD 300 എന്ന വര്‍ഷം ലഭിച്ചതെന്നെനിക്കറിയില്ല. അതെവിടെനിന്നായാലും അദ്ദേഹം പറഞ്ഞതു നൂറുശതമാനം തെറ്റാണു്. മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന പഴയനിയമകാലഘട്ടത്തിൽത്തന്നെ നിലവിലുണ്ട് എന്നതിനു വിശുദ്ധ ബൈബിള്‍തന്നെയാണു തെളിവു്.

"ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്‌" എന്നു പ്രഭാഷകന്‍ 7:33ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ആദ്യനൂറ്റാണ്ടില്‍ ക്രിസ്തുമതത്തിലേക്കുവന്നവര്‍, മാമോദീസ സ്വീകരിക്കാതെയും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറയാതെയും മരണമടഞ്ഞ തങ്ങളുടെ ബന്ധുജനങ്ങള്‍‍ക്കായി പ്രാര്‍ത്ഥിക്കുകയും അവര്‍ക്കുവേണ്ടി മാമോദീസ സ്വീകരിക്കുകയും ചെയ്തിരുന്നു.

"അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്ഞാനസ്നാനം സ്വീകരിക്കുന്നതുകൊണ്ട്‌ എന്താണര്‍ത്ഥമാക്കുന്നത്‌? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്ഞാനസ്നാനം സ്വീകരിക്കണം?" (1 കോറിന്തോസ്‌ 15:29) എന്നാണു പൌലോസ് ശ്ലീഹ ചോദിക്കുന്നത്.

മരിച്ചവര്‍ക്കുവേണ്ടി, ജീവിച്ചിരിക്കുന്നവര്‍ വിശ്വാസം ഏറ്റുചൊല്ലി മാമോദീസ സ്വീകരിക്കുന്നത് ഫലശൂന്യമായിരുന്നെങ്കില്‍ ഇതുചെയ്യാന്‍ അപ്പസ്തോലന്മാരായ സഭാപിതാക്കന്മാര്‍ അനുവദിക്കുമായിരുന്നോ? വിശ്വസിച്ചു സ്നാനമേല്‍ക്കുന്നവര്‍ രക്ഷപ്രാപിക്കുമെന്ന ഈശോയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച ആദിമക്രൈസ്തവര്‍, സുവിശേഷം കേള്‍ക്കുകപോലും ചെയ്യാതെ മരിച്ചുപോയ തങ്ങളുടെ പ്രിയജനങ്ങൾക്കായി മാമോദീസ സ്വീകരിച്ചതു ഫലദായകമാണെന്നു പൌലോസ് ശ്ലീഹതന്നെ സാക്ഷ്യപ്പെടുത്തുന്നു.

2 തിമോത്തി 1:18ല്‍ ഒനാസിഫെറോസിന്റെ ആത്മാവിനുവേണ്ടി പൗലോസ് ശ്ലീഹ പ്രാര്‍ത്ഥിക്കുന്നതായി കാണാം.

പഴയ നിയമത്തില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു:
"അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍, യാമ്നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്നം ആലേഖനംചെയ്ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക്‌ ഇതുധരിക്കുക നിഷിദ്ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന്‌ ഏവര്‍ക്കും വ്യക്തമായി... ഇവരുടെ ഈ പാപം തുടച്ചുമാറ്റണമെന്നു യാചിച്ച്, അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി... അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്കയച്ചുകൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്നുറച്ചു യൂദാസ്‌ ചെയ്ത ഈ പ്രവൃത്തി ശ്രഷ്ഠവും ഉചിതവുംതന്നെ... അതിനാൽ മരിച്ചവർക്കു പാപമോചനം ലഭിക്കുന്നതിന് അവൻ അവർക്കുവേണ്ടി പാപപരിഹാരകർമ്മമനുഷ്ഠിച്ചു." (2 മക്കബായര്‍ 12:40-45)

മരിച്ചവര്‍ക്കു പാപമോചനം ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നത്, പഴയനിയമകാലംമുതല്‍തന്നെ ദൈവജനം പിന്തുടര്‍ന്നിരുന്നുവെന്ന് ഈ വചനങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ലൂക്കാ 12:59ല്‍ പറയുന്നതുപോലെ "നമ്മുടെ പാപകടങ്ങളുടെ അവസാനചില്ലിക്കാശുപോലും കൊടുത്തുവീട്ടുന്നതുവരെ" നമുക്കു ശുദ്ധീകരണസ്ഥലമാകുന്ന തടവറയില്‍ കഴിയേണ്ടതായി വരും. പാപമോചനത്തിലൂടെ മാപ്പുലഭിച്ചാലും അവയുടെ പരിഹാരക്കടം ബാക്കികിടക്കുമ്പോള്‍ തടവറയില്‍ കഴിയുന്നവര്‍ക്കു കടംവീട്ടാന്‍, പുറത്തുള്ളവരുടെ പ്രാര്‍ത്ഥനയാകുന്ന സഹായം ആവശ്യമാണ്‌.

"മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കുപറഞ്ഞാല്‍ അതു ക്ഷമിക്കപ്പെടും; എന്നാൽ പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല." (മത്തായി 12:32) എന്ന് ഈശോ പറയുമ്പോള്‍ ഈ ലോകത്തില്‍ ക്ഷമിക്കപ്പെടാത്ത ചില പാപങ്ങള്‍ വരാനിരിക്കുന്ന ലോകത്തു ക്ഷമിക്കപ്പെടാന്‍ അവസരമുണ്ടെന്നുകൂടെ മനസ്സിലാക്കാമല്ലോ.

അഗ്നിയും ജലവും അവിടുന്നു നിന്റെമുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്‌ടമുള്ളതെടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്‌; ഇഷ്‌ടമുള്ളതവനു ലഭിക്കും. (പ്രഭാഷകന്‍ 15:16-17)

Catechesm of Catholic Church Paragraph 1032

1032: This teaching is also based on the practice of prayer for the dead, already mentioned in Sacred Scripture: "Therefore [Judas Maccabeus] made atonement for the dead, that they might be delivered from their sin." From the beginning the Church has honored the memory of the dead and offered prayers in suffrage for them, above all the Eucharistic sacrifice, so that, thus purified, they may attain the beatific vision of God...

Let us help and commemorate them. If Job's sons were purified by their father's sacrifice, why would we doubt that our offerings for the dead bring them some consolation? Let us not hesitate to help those who have died and to offer our prayers for them.

ദിവ്യബലിയര്‍പ്പണം - ചില യാഥാര്‍ത്ഥ്യങ്ങള്‍

ആദ്യ ലേഖനത്തില്‍പ്പറഞ്ഞ സന്ദേശത്തില്‍ ദിവ്യബലിയര്‍പ്പണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നാലാണ്. 1. AD 360 മുതല്‍ കത്തോലിക്കാസഭയില്‍ ബലിയര്...